
ബംഗളൂരുവിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിലെ സീനിയർ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ 22 വയസ്സുള്ള വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. ഹനുമന്തനഗർ പൊലീസ് സ്റ്റേഷനിൽ ഇരയായ പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ജീവൻ ഗൗഡ എന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഒക്ടോബർ 10 ന് കോളജ് പരിസരത്താണ് ആക്രമണം നടന്നതെങ്കിലും ഏഴാം സെമസ്റ്റർ വിദ്യാർഥിനിയായ പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് അഞ്ച് ദിവസത്തിനുശേഷമാണ് റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പെൺകുട്ടിയും പ്രതിയും പരസ്പരം പരിചയമുള്ളവരും ഒരേ സ്ഥാപനത്തിൽ പഠിച്ചവരുമായിരുന്നു, എന്നാൽ പഠനനിലവാരത്തിന്റെ കുറവ് കാരണം ജീവൻ ഒരു വർഷം പിറകിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉച്ചഭക്ഷണസമയത്ത് ചില പഠനവസ്തുക്കൾ ശേഖരിക്കാൻ പെൺകുട്ടി ജീവനെ കണ്ടിരുന്നതായി പരാതിയിൽ പറയുന്നു. ആർക്കിടെക്ചർ ബ്ലോക്കിന് സമീപമുള്ള ഏഴാം നിലയിലേക്ക് അയാൾ അവളെ വിളിച്ചുവരുത്തി ചുംബിക്കാൻ ശ്രമിച്ചു. എതിർത്ത് ഓടാൻ ശ്രമിച്ച പെൺകുട്ടിയെ അയാൾ ആറാം നിലയിലെ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു, ഓഫിസർ കൂട്ടിച്ചേർത്തു.