
ട്രാൻസ്ജെൻഡർ ആയതിന്റെ പേരിൽ സ്വകാര്യ സ്കൂളിൽ നിന്ന് പിരിച്ചു വിട്ട അധ്യാപികക്ക് നഷ്ടപരിഹാരം വിധിച്ച് സുപ്രീം കോടതി. ഒരേ വർഷം ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് അധ്യാപികയെ പിരിച്ചു വിട്ടത്. നഷ്ട പരിഹാരത്തിനൊപ്പം ട്രാൻസ്ജെൻഡർ വ്യക്തികളുടെ സംരക്ഷണത്തിന് തുല്യ അവസര നയം രൂപീകരിക്കുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജി ആശ മേനോന്റെ അധ്യക്ഷതയിൽ കമിറ്റിയും രൂപീകരിച്ചു.
കർണാടകയിൽ നിന്നുള്ള ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു, അകായ് പദ്മശാലി, ദളിത് അവകാശ പ്രവർത്തക വൈജയന്തി വസന്ത മോഗ്ലി, തെലങ്കാനയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഗൗരവ് മണ്ഡൽ തുടങ്ങിയവരാണ് കമിറ്റിയിലുണ്ടാവുക. സാമൂഹിക നീതി-ശാക്തീകരണ സെക്രട്ടറി, വനിതാ-ശിശു വികസന കമ്മീഷണർ സെക്രട്ടറി, ആരോഗ്യ-കുടുംബക്ഷേമ കമ്മീഷണർ സെക്രട്ടറി, വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി എന്നിവർ എക്സ്ഒഫിഷ്യോ അംഗങ്ങളായിരിക്കും.