
അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിനു കാരണം വിഷം ഉള്ളിൽ ചെന്നതല്ലെന്ന് ഗുവാഹത്തി മെഡിക്കൽ കോളജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നു. സിംഗപ്പൂരിൽ നടന്ന ആദ്യ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണം സ്ഥിരീകരിച്ചിരുന്നു. സിംഗപ്പൂരിൽ കടലിൽ ഉല്ലസിക്കുമ്പോഴാണ് സുബീൻ മുങ്ങിമരിച്ചത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് ഒട്ടേറെപ്പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. കേസിൽ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവൽ സംഘാടകൻ, ഗായകന്റെ മാനേജർ തുടങ്ങി 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. മരണസമയത്ത് ഗാർഗിനൊപ്പമുണ്ടായിരുന്ന സിംഗപ്പൂരിലെ അസമീസ് സമൂഹത്തിലെ അംഗങ്ങളെ ഇന്നലെയും ഗുവാഹത്തിയിൽ വരുത്തി ചോദ്യം ചെയ്തു.