ublnews.com

കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി

കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. ടിവികെ അധ്യക്ഷൻ വിജയ് യെ രൂക്ഷഭാഷയിൽ വിമര്‍ശിച്ച കോടതി കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമെന്നും നിരീക്ഷിച്ചു. കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥ അശ്ര ഗര്‍ഗിനാണ് അന്വേഷണ ചുമതല. വിജയ്ക്കും ടിവികെയ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്.

ഇതൊരു മനുഷ്യനിര്‍മിത ദുരന്തമാണെന്നും കോടതിക്ക് കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും മൂകസാക്ഷിയായി കയ്യുംകെട്ടിയിരിക്കാൻ കഴിയില്ലെന്നുമാണ് ജസ്റ്റീസ് സെന്തിൽകുമാര്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മരിക്കുമ്പോള്‍ ഒരു നേതാവ് എങ്ങനെയാണ് അവിടെ നിന്ന് ഓടിപ്പോകുന്നത്? എന്ത് നേതാക്കളാണിതെന്നും അവര്‍ക്ക് സ്വന്തം അണികളോട് പോലും താത്പര്യമില്ലേയെന്നും കോടതി ചോദിച്ചു. സ്വന്തം അണികള്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെ ഓടിപ്പോകാൻ എങ്ങനെ സാധിക്കുന്നുവെന്നും കോടതി ചോദിച്ചു. നേതാവ് അപ്രത്യക്ഷനായിരിക്കുകയാണ്, നേതാവ് ഒളിച്ചോടിയിരിക്കുകയാണ്, ലോകം മുഴുവനും അത് കണ്ടു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം അനുശോചനം രേഖപ്പെടുത്തി. പക്ഷേ നേതാവിന് അൽപം പോലും പശ്ചാത്താപമില്ല. ഖേദമില്ല, സംഭവത്തിൽ മാപ്പ് പറയാൻ പോലും നേതാവ് തയ്യാറായില്ല. അത് നേതാവിന്‍റെ മനോനിലയെ ആണ് വ്യക്തമാക്കുന്നതെന്നും അതിരൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും കോടതി കുറ്റപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്യാൻ എന്ത് തടസമാണുള്ളതെന്നും കോടതി ചോദിച്ചു.

വിജയ്ക്കെതിരെ നടപടിയെടുക്കാൻ അറച്ചുനിന്ന സ്റ്റാലിൻ സർക്കാർ കേൾക്കാൻ ആഗ്രഹിച്ചതാണ് കോടതി പറഞ്ഞത്. എസ്ഐടി അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാട് സ്വീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും ദേശീയ മക്കൾ ശക്തി കക്ഷിയും നൽകിയ ഹർജികൾ മധുര ബഞ്ച് തള്ളി. രാഷ്ട്രീയക്കാർ അല്ലാതെ ദുരന്തത്തിൽ അകപ്പെട്ടവർ വന്നാൽ കേൾക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നേതാവ് ആധവ് അർജുന നൽകിയ ഹർജി ലിസ്റ്റ് ചെയ്യപ്പെടാതിരുന്നതും ശ്രദ്ധേയമായി. ടിവികെ സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദും നിർമൽ കുമാറും നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി. താനല്ല, പാർട്ടി ജില്ലാ സെക്രട്ടറി മതിയഴകൻ ആണ് പരിപാടി സംഘടിപ്പിച്ചതെന്ന ബുസി ആനന്ദിന്‍റെ വാദം കോടതിമുറിയിൽ അമ്പരപ്പുയർത്തി. അതേസമയം കരൂരിലേക്ക് ഉടൻ എത്തുമെന്നും മുന്നൊരുക്കങ്ങൾക്കായി 20 അംഗ സമിതി രൂപീകരിക്കണമെന്നും പാർട്ടി നേതാക്കളുടെ യോഗത്തിൽ വിജയ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top