ublnews.com

മക്കയിലെ പള്ളിയിൽ നിന്നും ചാടിയ യുവാവിനെ രക്ഷിച്ച ഉദ്യോ​ഗസ്ഥനായി പ്രാർത്ഥന

മക്കയിലെ മസ്ജിദുൽ ഹറമിൽ പ്രാർഥനാനിരതമായ അന്തരീക്ഷത്തിനിടയിൽ ആരും പ്രതീക്ഷിക്കാത്ത നിമിഷമായിരുന്നു അത്. ഹറമിന്റെ മുകൾനിലയിൽ നിന്ന് സ്വയം ജീവിതം അവസാനിപ്പിക്കാനായി ഒരാൾ താഴേക്ക് ചാടി. എന്നാൽ അവിടെ വിധിക്ക് മറ്റൊരു തീരുമാനമുണ്ടായിരുന്നു. താഴെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ റയാൻ ബിൻ സയീദ് അൽ അസീരി സ്വന്തം ജീവൻ പണയപ്പെടുത്തിയും ആ വീഴ്ച തടയാൻ തന്റെ കൈകൾ നീട്ടി.

ആ ആത്മഹത്യാശ്രമത്തെ സ്വന്തം ശരീരം കൊണ്ട് തടഞ്ഞ റയാന് ഗുരുതരമായി പരുക്കേറ്റു. ചോര വാർന്നൊലിക്കുമ്പോഴും ഒരു മനുഷ്യജീവനെ രക്ഷിക്കാനായെന്ന ആത്മസംതൃപ്തി ആ മുഖത്തുണ്ടായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റയാന്റെ ചിത്രം ‘ഇൻസൈഡ് ദ് ഹറമൈൻ’ പുറത്തുവിട്ടതോടെ ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈ ധീരനായ യുവാവിന് വേണ്ടി പ്രാർഥനയിലാണ്.

റയാന്റെ നിസ്വാർത്ഥമായ ഈ ധീരതയെ അഭിനന്ദിക്കാൻ സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ നേരിട്ട് ഫോണിൽ വിളിച്ചു. ഇത് കേവലം ഒരു ഔദ്യോഗിക കൃത്യനിർവഹണമല്ലെന്നും മറിച്ച് മാനുഷികതയുടെയും ത്യാഗത്തിന്റെയും ഉന്നതമായ മാതൃകയാണെന്നും മന്ത്രി അദ്ദേഹത്തെ ഓർമിപ്പിച്ചു. പുണ്യഭൂമിയിൽ എത്തുന്നവരുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തിന്റെ അടയാളമാണ് റയാനെന്ന് അദ്ദേഹം പ്രശംസിച്ചു. എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് സേവനരംഗത്തേക്ക് റയാൻ തിരിച്ചെത്തട്ടെ എന്ന പ്രാർഥനയോടെയാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.

തന്റെ കൈകളിലേക്ക് വീണത് ഒരു മനുഷ്യനാണെന്ന തിരിച്ചറിവിൽ, തന്റെ സുരക്ഷ പോലും നോക്കാതെ പാഞ്ഞടുത്ത റയാൻ ഇന്ന് ലോകത്തിന് മുന്നിൽ കാരുണ്യത്തിന്റെ വലിയൊരു പാഠമായി മാറുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top