
സൗദിയിലെ വ്യവസായ മേഖലയിലുള്ള വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി സ്ഥിരമായി റദ്ദാക്കി. നിലവിൽ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ഫീസ് സർക്കാരാണ് വഹിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം ഈ ഫീസ് പൂർണമായും നിർത്തലാക്കി. വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ അംഗീകൃത ഇൻഡസ്ട്രിയൽ ലൈസൻസ് ഉള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ഇളവ്.
ഒരു തൊഴിലാളിക്ക് വർഷത്തിൽ 9700 റിയാൽ വീതമാണ് ലെവി ഈടാക്കിയിരുന്നത്. ഈ തീരുമാനത്തിലൂടെ വ്യവസായ മേഖലയിലുള്ള കമ്പനികൾക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. ലെവി ഇല്ലാതാക്കുന്നതോടെ വ്യവസായ മേഖലയിലേക്കു കൂടുതൽ കമ്പനികൾ വരുന്നത് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
സൗദി അറേബ്യയിലെ ഫാക്ടറികളുടെ നടത്തിപ്പ് ചെലവ് കുറയ്ക്കുക, ഉൽപന്നങ്ങൾ കൂടുതൽ മത്സരക്ഷമമാക്കുക, വ്യവസായ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുക എന്നിവയാണ് ലക്ഷ്യം.