സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 12,365 പേരെ നാടുകടത്തി. നിയമം ലംഘിച്ച് മുൻകാലങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ഉൾപ്പെടെ മൊത്തം 21,803 പേരുടെ യാത്രാ രേഖകൾ നിയമാനുസൃതമാക്കാൻ എംബസികളോട് ആവശ്യപ്പെട്ടു. ഇവ ലഭ്യമാകുന്നതനുസരിച്ച് അവരെയും നാടുകടത്തും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 19,576 നിയമ ലംഘകർ അറസ്റ്റിലായി. ഇതിൽ 12,506പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 4,154പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും 2,916 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
നിയമലംഘർക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. നിയമലംഘകരെ കുറിച്ച് മക്കയിലും റിയാദിലും കിഴക്കൻ പ്രവിശ്യയിലുമുള്ളവർ 911 നമ്പറിലും മറ്റു ഭാഗങ്ങളിലുള്ളവർ 999, 996 നമ്പറിലും അറിയിക്കണം.