
ഒമാനിലെ ടെലികോം കമ്പനിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ വിശദീകരണവുമായി തൊഴിൽ മന്ത്രാലയം. ഒമാൻ- ഖത്തർ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (ഒറീഡോ) 125 തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടതായാണ് സന്ദേശങ്ങൾ പ്രചരിച്ചത്. ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ) യുമായി ഏകോപിപ്പിച്ച് കമ്പനി മാനേജ്മെന്റുമായി ബന്ധപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
24 മാസത്തെ മുഴുവൻ ശമ്പളവും ലഭിക്കുന്നതിന് പകരമായി കമ്പനി ജീവനക്കാർക്ക് രാജിവയ്ക്കാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തതായും അതിൽ 114 ജീവനക്കാർ ഓഫർ സ്വീകരിച്ചതായും വെളിപ്പെടുത്തി. പതിനൊന്ന് ജീവനക്കാർ ഓഫർ നിരസിച്ചു. സ്ഥാപനത്തിൻ്റെ മാനേജ്മെൻ്റിനെയും അതിന്റെ ലേബർ യൂണിയനെയും ജനറൽ ഫെഡറേഷൻ ഓഫ് വർക്കേഴ്സ് ഓഫ് ഒമാൻ (ജിഎഫ്ഒഡബ്ല്യു) നെയും മന്ത്രാലയത്തിലേക്ക് വിളിപ്പിച്ച് വിഷയത്തിൽ പരസ്പരം യോജിച്ച പരിഹാരം കണ്ടെത്തിയതായും തൊഴിൽ മന്ത്രാലയം അറിയിച്ചു.