
സൗദിയിലെത്തുന്ന സന്ദർശക വീസയിലെത്തുന്നവർക്ക് രാജ്യത്തിനകത്ത് തിരിച്ചറിയൽ രേഖയായി ഇനി മുതൽ ഡിജിറ്റൽ ഐഡി കൈവശം കരുതിയാൽ മതിയാകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം (ജവാസത്ത്) അറിയിച്ചു. അബ്ഷിർ ഓൺലൈൻ ആപ്പിലൂടെ ലഭ്യമാകുന്ന ഡിജിറ്റൽ ഐഡി ആധികാരിക തിരിച്ചറിയൽ രേഖയായി അംഗീകരിക്കുന്നതായാണ് ഇത് സംബന്ധിച്ച് പാസ്പോർട്ട് ഡയറക്ടർ ബോർഡ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു.
രാജ്യത്തിനകത്ത് യാത്ര ചെയ്യുമ്പോഴും മറ്റും സൗദിയിലെ വിവിധ ഔദ്യോഗിക കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർക്കും മുൻപാകെ ആവശ്യപ്പെടുന്ന പക്ഷം തിരിച്ചറിയൽ രേഖയായി അബ്ഷിറിലുള്ള ഡിജിറ്റൽ ഐഡി കാണിച്ചു കൊടുത്താൽ മതിയാകും. ഇത് വഴി രാജ്യത്തിനകത്തുള്ള സന്ദർശകരുടെ യാത്രാ സൗകര്യങ്ങളും ക്രമീകരണങ്ങളും വേഗത്തിലാക്കുന്നതിനും ഏറെ ലളിതമാക്കുന്നതിനും ഉപകാരപ്രദമാകുന്നതോടൊപ്പം രേഖകൾക്കായി കടലാസ് ഉപയോഗിക്കുന്നത് കുറവ് വരുത്തുന്നതിനും സാധിക്കും. സൗദിയിലെ ഔദ്യോഗിക സംവിധാനങ്ങളുടെ ഡിജിറ്റൽ രംഗത്തേക്കുള്ള മാറ്റങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ക്രമീകരണം സേവനങ്ങളുടെ ഭാഗമായിരിക്കുന്നത്. മുൻപ് സന്ദർശക വീസയിലുള്ളവർ കൈവശം തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് കരുതേണ്ടി വന്നിരുന്നു.