
സൗദിയിൽ പാർപ്പിട സമുച്ചയങ്ങളിലെ ഹൗസിങ് സൂപ്പർവൈസർ തസ്തിക സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തി. പുതിയ വ്യവസ്ഥ പ്രകാരം ഇരുപതോ അതിൽ കൂടുതലോ ആളുകൾ താമസിക്കുന്ന കെട്ടിടങ്ങൾ, മൊബൈൽ ഹോമുകൾ എന്നിവിടങ്ങളിലെ ഹൗസിങ് സൂപ്പർവൈസർ തസ്തികകളിൽ സ്വദേശികളെ നിയമിക്കണം. സ്വദേശികൾക്ക് കുറഞ്ഞത് 5000 റിയാൽ (ഏകദേശം 1.2 ലക്ഷം രൂപ) ശമ്പളം നൽകണമെന്നും നിബന്ധനയുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ വൻതുക പിഴ ഉൾപ്പെടെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഭവന മന്ത്രാലയവും അറിയിച്ചു.
നിലവിൽ ഈ തസ്തികകളിൽ കുറഞ്ഞ ശമ്പളത്തിന് മലയാളികൾ ഉൾപ്പെടെ വിദേശികളാണ് ജോലി ചെയ്തുവരുന്നത്. സ്പോർട്സ് സെന്റർ, ജിംനേഷ്യം എന്നീ മേഖലകളിലെ 12 തസ്തികകളിൽ സ്വദേശിവൽക്കരണം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.