
സന്ദർശക വീസയിലെത്തുന്ന വിദേശികൾക്കു കുവൈത്തിൽ ഇനി റസിഡൻസ് വീസയിലേക്കു മാറാം. ഇതുൾപ്പെടെ വീസ നിയമത്തിൽ 5 സുപ്രധാന ഭേദഗതികൾ വരുത്തി. മാതാപിതാക്കളുടെയോ മക്കളുടെയോ സ്പോൺസർഷിപ്പിൽ കുടുംബ സന്ദർശക വീസയിൽ എത്തുന്ന ബന്ധുക്കൾക്കു കുടുംബ വീസയിലേക്കു മാറാം.
സർക്കാർ സ്ഥാപനങ്ങളുടെ സന്ദർശക വീസയിൽ ജോലിക്കെത്തുന്ന യൂണിവേഴ്സിറ്റി ബിരുദമോ സാങ്കേതിക യോഗ്യതയോ ഉള്ളവർക്കും റസിഡൻസ് വീസയിലേക്ക് മാറാൻ അനുമതിയുണ്ട്. സന്ദർശക വീസയിൽ എത്തുന്നവർക്കു ഗാർഹിക തൊഴിലാളി വീസയിലേക്കും മാറ്റം അനുവദിക്കും.
വർക്ക് എൻട്രി വീസയിലെത്തി താമസ നടപടികൾ ആരംഭിച്ച ശേഷം അടിയന്തരമായി രാജ്യം വിട്ടവർ ഒരു മാസത്തിനകം തിരിച്ചെത്തിയാൽ വീസ മാറ്റം അനുവദിക്കും. അടിയന്തര സാഹചര്യങ്ങളിൽ അപേക്ഷകൾ പ്രത്യേകം പരിശോധിച്ചു വിവേചനാധികാരം അനുസരിച്ച് വീസ നൽകാനും പുതിയ നിയമം അനുമതി നൽകുന്നു.