
സൗദി അറേബ്യയും അമേരിക്കയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. വൈറ്റ് ഹൗസിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയാണിത്. 90 വർഷത്തിലേറെയായി ഇരു രാജ്യങ്ങളെയും ഒന്നിപ്പിച്ച തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങളുടെയും ചട്ടക്കൂടിനുള്ളിലാണ് കരാർ ഒപ്പുവെച്ചത്.
പ്രതിരോധ മേഖലയിൽ ദീർഘകാല പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്ന നിർണായക ചുവടുവെപ്പാണിത്. പശ്ചിമേഷ്യൻ മേഖലയിലെ സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവയെ പിന്തുണക്കുന്നതിനുള്ള ഇരുപക്ഷത്തിന്റെയും പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നത് കൂടിയാണിത്. സൗദിയും അമേരിക്കയും പ്രാദേശിക, അന്തർദേശീയ വെല്ലുവിളികളെയും ഭീഷണികളെയും നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രാപ്തരായ സുരക്ഷാ പങ്കാളികളാണെന്ന് കരാർ സ്ഥിരീകരിക്കുന്നു.
അതുവഴി ദീർഘകാല പ്രതിരോധ നടപടികളുടെ ഏകോപനവും പ്രതിരോധ ശേഷിയും വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇരു കക്ഷികളും തമ്മിലുള്ള പ്രതിരോധ ശേഷികൾ വികസിപ്പിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും പുറമേ ഇരു രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന തുടർച്ചയായതും സുസ്ഥിരവുമായ പ്രതിരോധ പങ്കാളിത്തത്തിനുള്ള ശക്തമായ ഒരു ചട്ടക്കൂട് ഈ കരാർ സ്ഥാപിക്കുന്നു.
പ്രധാനമായും പ്രതിരോധ കരാറിൽ അടങ്ങിയിരിക്കുന്ന സഹകരണ മേഖലകൾ നടപ്പാക്കുന്നതിലൂടെ റിയാദിന്റെ സൈനിക വ്യവസായങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളെ വർധിപ്പിക്കുകയും സായുധസേനയുടെ സന്നദ്ധത ഉയർത്തുകയും ചെയ്യും. അന്താരാഷ്ട്ര സുരക്ഷയുടെയും സമാധാനത്തിന്റെയും ചട്ടക്കൂടിനുള്ളിൽ ഇരു രാജ്യങ്ങളുടെയും പൊതുലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതുമാണ് കരാർ.
അതേസമയം, ട്രംപ്-അമീർ മുഹമ്മദ് ബിന്‍ സല്മാന് ഉച്ചകോടിയില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത് തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും ഉറച്ച പ്രതിബദ്ധതയെ സ്ഥിരീകരിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിന്‍ സല്മാന് പറഞ്ഞു