
റിയാദിൽ അനിയന്ത്രിതമായി വർധിച്ചിരുന്ന കെട്ടിട വാടകയ്ക്ക് തടയിടുന്നതിന്റെ ഭാഗമായി, അഞ്ച് വർഷത്തേക്ക് വാടക വർധന നിർത്തിവെച്ച നിയമത്തിന് പിന്നാലെ, റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വാടക ലംഘനങ്ങളുടെ പുതിയ പട്ടിക പരിഷ്കരിച്ചു. വാടകക്കാരനും കെട്ടിട ഉടമയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള നിയന്ത്രണ വ്യവസ്ഥകളുടെയും ലംഘനങ്ങളുടെയും പട്ടികയാണ് അതോറിറ്റി പുതുക്കി പ്രസിദ്ധീകരിച്ചത്.
ഏകദേശം 20 ദിവസം മുൻപ് മന്ത്രിസഭ അംഗീകരിച്ച രാജകീയ ഉത്തരവ് പ്രകാരം, റിയാദിലെ നിലവിലുള്ളതും പുതിയതുമായ റസിഡൻഷ്യൽ, കൊമേഴ്സ്യൽ കെട്ടിടങ്ങൾക്കും വസ്തുവകകൾക്കുമുള്ള പാട്ടക്കാലാവധിയിലെ വാർഷിക വാടക വർധനവിന് അഞ്ചു വർഷത്തെ മൊറട്ടോറിയം നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് വാടകക്കാരനും കെട്ടിട ഉടമയും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യമാക്കുന്നതിനുള്ള കരട് പട്ടിക അതോറിറ്റി പുറത്തിറക്കിയത്.