ublnews.com

മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈനില്‍ എത്തി. ചീഫ് സെക്രട്ടറി എ.ജയതിലകും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വിവിധ സംഘടനകളുടെ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ബഹ്‌റൈനിലെ മനാമയില്‍ വെള്ളിയാഴ്ച മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമമാണ് ആദ്യ പരിപാടി. ഇതില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാന്‍ ഇന്നു ബഹ്‌റൈനിലേക്കു പോകും. ഡിസംബര്‍ ഒന്നു വരെ അഞ്ചുഘട്ടങ്ങളിലാണു പര്യടനം.

മുഖ്യമന്ത്രിയുടെ ആദ്യഘട്ട സന്ദര്‍ശനം 19 വരെയാണു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 18നും 19നും പങ്കെടുക്കേണ്ട പരിപാടികള്‍ക്കു സൗദി സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കാതെ വന്നതോടെ അവ ഒഴിവാക്കി. ഈ സാഹചര്യത്തില്‍ 18നു കേരളത്തിലേക്കു മടങ്ങിയേക്കും. 20നു കണ്ണൂരില്‍ സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 21നു കോഴിക്കോട്ടു മുഖ്യമന്ത്രിക്കു പരിപാടിയുണ്ട്. അന്നേദിവസം, രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കാന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തും. 22നും 23നും തലസ്ഥാനത്തുണ്ടാകും. 23നു രാവിലെ രാജ്ഭവനിലെ കെ.ആര്‍.നാരായണന്‍ പ്രതിമ രാഷ്ട്രപതി അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ കൂടി പങ്കെടുത്ത ശേഷമാകും ഒമാനിലെ മസ്‌കത്തില്‍ 24നു നടക്കുന്ന പരിപാടിക്കായി യാത്ര തിരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top