
മക്കയില്‍ ഹറമിനോട് ചേര്‍ന്ന് വമ്പൻ പദ്ധതി പ്രഖ്യാപനവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. 1.2 കോടി ചതുരശ്ര കിലോമീറ്ററിൽ നടപ്പാക്കുന്ന കിങ് സൽമാൻ ഗേറ്റ് പദ്ധതിയുടെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി കൂടിയായ മുഹമ്മദ് ബിൻ സൽമാൻ നടത്തിയത്.
പദ്ധതി നടപ്പാക്കുന്ന റുഅ അല്‍ഹറം അല്‍മക്കി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാൻ കൂടിയാണ് മുഹമ്മദ് ബിൻ സൽമാൻ. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനു കീഴിലെ സ്ഥാപനമായ റുഅ അല്‍ഹറം അല്‍മക്കി കമ്പനിയാണ് കിങ് സല്‍മാന്‍ ഗേറ്റ് പദ്ധതി വികസിപ്പിക്കുന്നത്. ഒരു ആധുനിക നഗരം എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ച് ലോകത്തിന് ഉയർത്തി കാണിക്കാവുന്ന മികച്ച മാതൃകയാകും സൽമാൻ ഗേറ്റ് പദ്ധതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോടി കണക്കിന് തീർഥാടകർ എത്തുന്ന മക്കയിലും പരിസരത്തും വൻ വികസനമായിരിക്കും പദ്ധതി വഴി നടപ്പാക്കുക.
ഹറമിനു ചുറ്റും പാര്‍പ്പിട, സാംസ്കാരിക, സേവനങ്ങളാണ് ഇതുവഴി ലഭ്യമാകുക. പദ്ധതി പ്രദേശത്തെ നമസ്‌കാര സ്ഥലങ്ങളിലും മുറ്റങ്ങളിലുമായി ഒരേസമയം ഏകദേശം ഒൻപതു ലക്ഷം പേര്‍ക്ക് നമസ്കാരം നിര്‍വഹിക്കാന്‍ സൗകര്യമുണ്ടാകും. മക്കയിലേക്കുള്ള ട്രെയിൻ സർവീസുകൾ അടക്കം എല്ലാ ഗതാഗത പദ്ധതികളും കിങ് സൽമാൻ ഗേറ്റുമായി ബന്ധിപ്പിക്കും.