ublnews.com

അപകടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്രവാസിയെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമില്‍ കഴിഞ്ഞ ദിവസം എട്ട് പേരുടെ മരണത്തിനിടയാക്കിയ അപകട സംഭവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് പ്രവാസിയെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ കാണിക്കുന്ന വിഡിയോ റെക്കോര്‍ഡു ചെയ്ത പ്രചരിപ്പിച്ചതിനാണ് അല്‍ വുസ്ത ഗവര്‍ണറേറ്റ് കമാന്‍ഡ് ഏഷ്യക്കാരനായ ആളെ അറസ്റ്റ് ചെയ്തത്.

രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍ പെട്ട ഇരകളെയും അപകടസ്ഥലവും വിഡിയോയില്‍ ചിത്രീകരിച്ചതായും ആര്‍ഒപി അറിയിച്ചു. ഈ പ്രവൃത്തി സ്വകാര്യതയുടെയും പൊതു മര്യാദയുടെയും ലംഘനമാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായിവരികയാണ്.

ഇരകളോടും അവരുടെ കുടുംബങ്ങളോടുമുള്ള ബഹുമാനം കണക്കിലെടുത്ത് അപകട ദൃശ്യങ്ങളുടെ ചിത്രങ്ങളോ വിഡിയോകളോ റെക്കോര്‍ഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുതെന്നും, അന്വേഷണങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്യാന്‍ അധികാരികളെ അനുവദിക്കണമെന്നും ആര്‍ഒപി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top