
ഐഡഹോയിലെ മൗണ്ടൻ ഹോം എയർ ബേസിൽ ഖത്തർ വ്യോമസേനാ കേന്ദ്രം നിർമിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അറിയിച്ചു. എഫ് -15 യുദ്ധവിമാനങ്ങളും പൈലറ്റുമാരും ഉൾപ്പെടെയുള്ളവർ ഈ വ്യോമസേനാ കേന്ദ്രത്തിലുണ്ടാകും.
ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സയീദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ബിൻ അലി അൽ താനിയെ സാക്ഷിനിർത്തിയാണ് പീറ്റ് ഹെഗ്സെത് ഇക്കാര്യം പ്രഖ്യാപിച്ചത്. ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് ഖത്തറിനെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.
ഇരു രാജ്യങ്ങളും ചേർന്നുള്ള പരിശീലനം വർധിപ്പിക്കുന്നതിന് പുതിയ വ്യോമസേനാ കേന്ദ്രം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക കേന്ദ്രം ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളമാണ്.