ublnews.com

പിണറായി വിജയന്‍റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്രാനുമതിയില്ല; ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ രാജ്യങ്ങൾ സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അനുമതി ഇല്ല. മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും മാരത്തോൺ ഗൾഫ് പര്യടനത്തിന് നാളെ തുടക്കമാകാനിരിക്കെയാണ് യാത്രാ അനുമതി നിഷേധിച്ചതിൽ സ്ഥിരീകരണം വരുന്നത്. സൗദി ഒഴികെ ബാക്കി രാജ്യങ്ങളിൽ സന്ദര്‍ശനത്തിന് അനുമതിയുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും പേഴ്സണൽ അസിസ്റ്റന്റ് വിഎം സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി.

ബഹ്റൈൻ ഒമാൻ ഖത്തര്‍ യുഎഇ രാജ്യങ്ങളിൽ സന്ദര്‍ശിക്കുന്നതിന് നേരത്തെ തന്നെ അനുമതി ആയിരുന്നു. നാളെ വൈകീട്ട് യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്ന് വരെ വിവിധ തീയതികളിൽ യാത്ര ചെയ്യാനാണ് തീരുമാനിച്ചിട്ടുണള്ളത്. 16 ന് ബഹ്റൈനിൽ പ്രവാസി മലയാളി സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. അതിന് ശേഷം സൗദി യാത്ര തീരുമാനിച്ചെങ്കിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യാത്ര ഷെഡ്യൂളിലും മാറ്റം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.

22ന് മസ്കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയിൽ പങ്കെടുക്കും. 25 ന് സലാലയിലാണ് മുഖ്യമന്ത്രിയുടെ പരിപാടി. അതിന് ശേഷം 26 ന് കൊച്ചിയിലെത്തി 28 രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം. 30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്തെത്തും. പിന്നീട് നവംബര്‍ 5 നാണ് അടുത്ത യാത്ര. കുവൈത്തിലെ പരിപാടിക്ക് ശേഷം അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി അവിടെ അഞ്ച് ദിവസം ഉണ്ടാകും. മകൻ വിവേക് കിരൺ അബുദാബിയിലാണ് ജോലി ചെയ്യുന്നത് .ഇഡി സമൻസ് വിവാദം അടക്കം നിലനിൽക്കെയാണ് സന്ദര്‍ശനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top