
മുഖ്യമന്ത്രി പിണറായി വിജയൻ 3 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലേക്ക്. ഈ മാസം 17 മുതൽ 19 വരെയാണ് സന്ദർശനം. മലയാള ഭാഷാ പഠനത്തിനും പ്രചരണത്തിനുമായി പ്രവർത്തിക്കുന്ന ആഗോള തലത്തിലുള്ള കേരളാ സർക്കാരിന്റെ മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ‘മലയാളോത്സവം’ പൊതു പരിപാടിയിൽ സംബന്ധിക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ‘മലയാളോത്സവ’ത്തിൽ അദ്ദേഹം പങ്കെടുക്കും.
ഈ മാസം 17 ന് ദമാമിലും, 18 ന് ജിദ്ദയിലും, 19 ന് റിയാദിലും നടക്കുന്ന പരിപാടികളിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ, മറ്റു മന്ത്രിമാർ, നോർക്ക ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരും ഒപ്പമുണ്ടാകും. മൂന്ന് നഗരങ്ങളിലും നടത്തുന്ന പരിപാടിയുടെ വിജയത്തിന് മലയാളം മിഷന്റെ നേതൃത്വത്തിൽ വിശാലമായ സംഘാടകസമിതി രൂപീകരിക്കുന്നുണ്ട്. പരിപാടികളുടെ അന്തിമ രൂപരേഖ തയ്യാറാകുന്നതായി ഭാരവാഹികൾ അറിയിച്ചു.