ublnews.com

സൗദിയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണം

സൗദി അറേബ്യയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് കടകൾക്കുള്ള പുതുക്കിയ നിയന്ത്രണ മാനദണ്ഡങ്ങൾ മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അംഗീകരിച്ചു. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക, രാജ്യത്തുടനീളം ചിട്ടയായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ.

മസ്ജിദുകൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്ന് കുറഞ്ഞത് 500 മീറ്റർ അകലെ മാത്രമേ കച്ചവട സ്ഥാപനം പ്രവർത്തിക്കാവൂ. കടകൾ നഗരപ്രദേശത്തെ വാണിജ്യ കെട്ടിടത്തിനുള്ളിൽ സ്ഥിതി ചെയ്യണം. കുറഞ്ഞത് 36 ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ടായിരിക്കണം.

ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ റാംപുകൾ, അലാറം, അഗ്നിശമന സംവിധാനങ്ങൾ, സൗദി ബിൽഡിങ് കോഡ് പ്രകാരമുള്ള ലൈറ്റിങ്, വെന്റിലേഷൻ എന്നിവ നിർബന്ധമാണ്. കൂടാതെ, ഇൻഡോർ, ഔട്ട്ഡോർ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം. സിഗരറ്റുകൾ, പുകയില, ഇ-സിഗരറ്റുകൾ, ഹുക്കകൾ, അനുബന്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.

18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കർശനമായി നിരോധിച്ചു. പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാൻ വിൽപ്പനക്കാർക്ക് അധികാരമുണ്ട്.

വെൻഡിങ് മെഷീനുകൾ: വെൻഡിങ് മെഷീനുകൾ വഴി പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ചു. പുകയില ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപനയും നിരോധിച്ചിട്ടുണ്ട്.

ഉറവിടം അജ്ഞാതമായതോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അടങ്ങിയതോ ആയ ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കുന്നതും പ്രദർശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. സ്ഥാപനത്തിന് പുറത്ത് ചിഹ്നങ്ങളിൽ ലോഗോകളോ പ്രമോഷണൽ മെറ്റീരിയലുകളോ സ്ഥാപിക്കാൻ പാടില്ല. പുകയില ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുക, സമ്മാനങ്ങളായോ സൗജന്യ സാമ്പിളുകളായോ ഓഫർ ചെയ്യുക, പരസ്യം ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങൾ വിൽക്കുക എന്നിവയും നിരോധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top