
വിദ്യാർഥികളുടെ സുരക്ഷയിലും വിദ്യാഭ്യാസ ഗുണനിലവാരത്തിലും വീഴ്ച വരുത്തിയ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലുള്ള 74 സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. ലൈസൻസുകളുടെ കാലാവധി തീർന്നതും സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ സർട്ടിഫിക്കറ്റുകളുടെ അഭാവവുമാണ് സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ പ്രധാന കാരണമായത്. കൃത്യമായ ഇടവേളകളിൽ മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമപരമായ തിരുത്തലുകൾ വരുത്താൻ അധികൃതർ തയാറാകാത്തതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ നടപടി.
ലൈസൻസ് റദ്ദാക്കിയ സ്കൂളുകളിലെ കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ അവരെ അടുത്തുള്ള പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റാൻ മന്ത്രാലയം തന്നെ നേരിട്ട് സൗകര്യമൊരുക്കിയിട്ടുണ്ട്. അതോടൊപ്പം രക്ഷിതാക്കൾക്ക് ഇഷ്ടമുള്ള മറ്റ് സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള അനുവാദവും നൽകിയിട്ടുണ്ട്. സുരക്ഷിതമായ പഠന അന്തരീക്ഷം ഉറപ്പാക്കാൻ വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.