
ഹജ് സീസണിനു മുന്നോടിയായി മുൻഗണനാ പാക്കേജ് ആരംഭിച്ച് സൗദി ഹജ്, ഉംറ മന്ത്രാലയം. ഹജ് കമ്മിറ്റികളോ അംഗീകൃത ഏജൻസികളോ ഇല്ലാത്ത രാജ്യങ്ങളിൽനിന്ന് നേരിട്ട് അപേക്ഷിക്കുന്നവർക്കാണ് നുസുക് ഹജ് പ്ലാറ്റ്ഫോം മുഖേന പാക്കേജുകൾ തിരഞ്ഞെടുക്കാനും റജിസ്റ്റർ ചെയ്യാനും സംവിധാനം ഏർപ്പെടുത്തിയത്.
ലഭ്യമായ പാക്കേജുകളിൽ നിന്ന് അനുയോജ്യമായവ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. ഓരോ പാക്കേജിലെയും സേവനങ്ങൾ, താമസം, ഭക്ഷണം, നിരക്ക് എന്നിവ താരതമ്യം ചെയ്ത് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാം. ഹജ് സേവനങ്ങൾക്കായി അംഗീകൃതമല്ലാത്ത വ്യക്തികളെയോ സ്ഥാപനങ്ങളെയോ സമീപിക്കരുതെന്നും നുസുക് പ്ലാറ്റ്ഫോം വഴി മാത്രമേ ഇടപാടുകൾ നടത്താവൂ എന്നും മന്ത്രാലയം നിർദേശിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ അതത് രാജ്യങ്ങളിലെ ഹജ് കമ്മിറ്റികൾ വഴിയോ അംഗീകൃത ഏജൻസികൾ വഴിയോ നടപടികൾ പൂർത്തിയാക്കണം.