ublnews.com

ദുബായിൽ ലൈസൻസില്ലാതെ താമസയിടത്ത് തലമുടി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ

ദുബായിൽ ലൈസൻസില്ലാതെ താമസയിടത്ത് തലമുടി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. താമസിക്കുന്ന 3 BHK ഫ്ലാറ്റിനെ രഹസ്യ ക്ലിനിക്കായി മാറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു പ്രവർത്തനം. ശസ്ത്രക്രിയകളുടെ വിഡിയോ ഉൾപ്പെടെ ഇയാൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. മെ‍ഡിക്കൽ ഉപകരണങ്ങളും അണുനാശിനികളും മരുന്നുകളും പരിശോധനയിൽ പിടിച്ചെടുത്തു

ലൈസൻസില്ലാതെ താമസസ്ഥലത്ത് തലമുടി മാറ്റിവ്ക്കൽ ശസ്ത്രക്രിയ (ഹെയർ ട്രാൻസ്പ്ലാന്റ്) നടത്തിയ യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ ആരോഗ്യനിയമങ്ങൾ ലംഘിക്കുകയും ആളുകളുടെ ജീവന് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്ത അനധികൃത പ്രവർത്തനങ്ങളാണ് പൊലീസ് കണ്ടെത്തിയത്. പ്രതിയുടെ അപാർട്ട്‌മെൻ്റ് പൂട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

താമസിക്കുന്ന ഫ്ലാറ്റിനെ രഹസ്യ ക്ലിനിക്കായി മാറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മൂന്ന് കിടപ്പുമുറികളുള്ള അപാർട്ട്‌മെൻ്റ് ഒരു അനധികൃത ക്ലിനിക്കായി മാറ്റുകയായിരുന്നു. ഇതിലെ ഒരു മുറി ശസ്ത്രക്രിയകൾക്കായി ഉപയോഗിച്ചപ്പോൾ മറ്റ് രണ്ട് മുറികൾ താമസത്തിനായി ഉപയോഗിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇയാൾ ഈ ‘മേക്ക്‌ഷിഫ്റ്റ് ക്ലിനിക്ക്’ പ്രവർത്തിപ്പിച്ചത്. തൻ്റെ അനധികൃത സേവനങ്ങൾ ഓൺലൈൻ വഴി പ്രചരിപ്പിച്ചാണ് ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്. ശസ്ത്രക്രിയകളുടെ വിഡിയോകൾ ഉൾപ്പെടെ ഇയാൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളും മറ്റ് രാസവസ്തുക്കളും അപാർട്ട്‌മെൻ്റിൽ നിന്ന് കണ്ടെടുത്തു. അനസ്തീസിയയും അണുനാശിനികളും പോലുള്ള ദ്രാവകങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വകുപ്പ് ദുബായ് ഹെൽത്ത് അതോറിറ്റിയുമായി (ഡിഎച്എ) സഹകരിച്ചാണ് വിശദമായ അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കിയത്.

ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ലൈസൻസുള്ള ക്ലിനിക്കുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും നിന്ന് മാത്രം സേവനങ്ങൾ തേടുക. ആരോഗ്യ, സൗന്ദര്യ സേവനങ്ങൾ നൽകുന്നവരുടെ യോഗ്യതയും പരിചയസമ്പന്നതയും ഉറപ്പുവരുത്തണം. ജീവന് തന്നെ അപകടമുണ്ടാക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സമൂഹത്തിൻ്റെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. സമാനമായ അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിൻ്റെ വിവിധ ആശയവിനിമയ ചാനലുകൾ വഴി ഉടൻ റിപോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top