
റിയാദ്: വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ സഊദി യുവാവിന് മോചനം. പ്രതി കൊലപ്പെടുത്തിയ യുവാവിന്റെ പിതാവ് മാപ്പ് നൽകിയതാണ് യുവാവിന് തുണയായത്. സഊദി പൗരനായ യൂസുഫ് അൽശൈഖിയാണ് അൽബഹ ഗവർണർ ഡോ. ഹുസാം ബിൻ സഊദ് ബിൻ അബ്ദുൽ അസീസിന്റെ ശുപാർശ മാനിച്ച് തന്റെ മകന്റെ കൊലയാളിക്ക് മാപ്പ് നൽകിയത്.
അദ്ധ്യാപകനായ തനിക്ക് തന്റെ വിദ്യാർത്ഥികളിൽ ഒരാളോട് പ്രതികാരം ചെയ്യാൻ സാധിക്കില്ലെന്ന് യൂസുഫ് പറഞ്ഞു. ദൈവത്തിൽ നിന്നുള്ള പുണ്യം കരുതിയാണ് താൻ തന്റെ മകന്റെ ഘാതകന് മാപ്പ് നൽകിയതെന്നും തന്റെ മകന് സംഭവിച്ചത് ദൈവീക വിധിയാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവയ്ക്കുകയായിരുന്നു. ശിക്ഷ നടപ്പാക്കാൻ സഊദി ഭരണാധികാരിയായ സൽമാൻ രാജാവ് അനുമതി നൽകിയിരുന്നു. ഭരണാധികാരിയുടം അനുമതി ലഭിച്ചതിനെ തുടർന്ന് വധശിക്ഷ നടപ്പാക്കാനുള്ള നടപടികൾ അധികൃതർ പൂർത്തിയാക്കിയിരുന്നു.