ublnews.com

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച തുടക്കം

15 മുതല്‍ 17 വരെ വേള്‍ഡ് ട്രേഡ് സെന്ററില്‍

ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന മൂന്നാമത് ആയുഷ് കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തിനും (ഐ.എ.സി.ഇ) ഞായറാഴ്ച ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമാകും. ഫെബ്രുവരി 15 മുതല്‍ 17 വരെയാണ് ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സവിശേഷതകളെ ലോകജനതക്ക് പരിചയപ്പെടുത്തുന്ന വിപുലമായ സമ്മേളനം.

ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും രക്ഷാകര്‍തൃത്വത്തില്‍ സയന്‍സ് ഇന്ത്യ ഫോറവും വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും ചേര്‍ന്നാണ് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്സിബിഷന്‍ 2026 സംഘടിപ്പിക്കുന്നത്. എവിഡന്‍സ് ബേസ്ഡ് ആയുഷ് ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ മൈന്‍ഡ്-ബോഡി ഹെല്‍ത്ത് എന്ന പ്രമേയത്തിലാണ് പരിപാടി. 35 ലേറെ രാജ്യങ്ങളില്‍നിന്നുള്ള 1500 ലേറെ ആയുഷ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 31 അന്താരാഷ്ട്ര പ്രഭാഷകര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആയുഷ് ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയും 45 ലേറെ പ്രദര്‍ശനസ്റ്റാളുകള്‍ ഉണ്ടായിരിക്കും. ആയുഷ് സമ്പ്രദായത്തെക്കുറിച്ചുള്ള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും വേദിയില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. അരലക്ഷത്തോളം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ആയുഷ് മന്ത്രാലയത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ 2017 ലും 2024 ലും ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സമ്മേളനം വിജയകരമായി സംഘടിപ്പിച്ചിരുന്നു.

ആയുഷ് ഗവേഷണം, വിദ്യാഭ്യാസം, ഗ്രീന്‍ മെഡിസിന്‍ എന്നീ മേഖലകളില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകള്‍ ഉള്‍പ്പെടെ സമ്മേളനത്തില്‍ പരിശോധിക്കും. ആയുഷ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിക്ഷേപത്തെയും വ്യാപാരത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആയുഷ് ഫാര്‍മ, എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍, ആയുഷ് സേവന ദാതാക്കള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍, ആയുഷ് ഉപകരണങ്ങള്‍, വിവിധ സര്‍ക്കാര്‍ ആയുഷ് സംവിധാനങ്ങള്‍ എന്നിവയും അന്താരാഷ്ട്ര പ്രദര്‍ശനം, ആയുഷ് സംവിധാനങ്ങളെക്കുറിച്ച് പൊതുജന അവബോധമുണ്ടാക്കാനായി വിവിധ പരിപാടികളുമുണ്ടാകും.

ഇന്ത്യയില്‍നിന്നും ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോ ചികിത്സാ മേഖലകളില്‍ നിന്നുള്ള പ്രമുഖരും ആരോഗ്യ വിദഗ്ദരും ആയുഷ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തും. ഗ്ലോബല്‍ ഹോമിയോപ്പതിക് ഫൗണ്ടേഷന്‍, എമിറേറ്റ്സ് ആയുര്‍വേദ ഗ്രാജുവേറ്റ്സ് അസോസിയേഷന്‍, നിരവധി ആയുഷ് സംഘടനകളും സമ്മേളനത്തില്‍ പങ്കാളികളാകും. പരമ്പരാഗത ചികിത്സാ മേഖലകളില്‍ പേരെടുത്തവര്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ സംസാരിക്കും. ഇന്ത്യ, യൂറോപ്പ്, അമേരിക്ക, മലേഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നയരൂപകര്‍ത്താക്കള്‍, പ്രമുഖ വ്യക്തികള്‍, ആയുഷ് സംവിധാനത്തിലെ വിദഗ്ധര്‍ എന്നിവരുമെത്തും.
ആയുഷ് സംവിധാനത്തിന്റെ കീഴിലുള്ള കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, ആശുപത്രികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, മരുന്ന് നിര്‍മാണ കമ്പനികള്‍ തുടങ്ങിയവ അണിനിരത്തിയുള്ള പ്രദര്‍ശനമാണ് പരിപാടിയുടെ ആകര്‍ഷണം. വിട്ടുമാറാത്ത രോഗങ്ങളുടെ പ്രതിരോധത്തെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുകയെന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top