
യുഎഇയുടെ വിവിധ ഭാഗങ്ങളിലും മേഖലയിലും കഴിഞ്ഞദിവസം അനുഭവപ്പെട്ട മോശം കാലാവസ്ഥയെത്തുടർന്ന് 15 വിമാനങ്ങൾ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിവിധ എയർലൈനുകളുടെ വിമാനങ്ങളാണ് സുരക്ഷിതമായ ബദൽ മാർഗമെന്ന നിലയിൽ ഫുജൈറയിലിറക്കിയത്.
വിമാനത്താവളത്തിലെ അടിയന്തര കർമ്മപദ്ധതികൾ സജ്ജമാക്കിയ അധികൃതർ വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കി. ബന്ധപ്പെട്ട അധികൃതർ, എയർലൈനുകൾ, ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാർ എന്നിവരുമായി ഏകോപിപ്പിച്ചാണ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കിയത്. പ്രതികൂല സാഹചര്യങ്ങളിലും വിമാന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഫുജൈറ വിമാനത്താവളത്തിനുള്ള ശേഷി ഈ നീക്കം അടിവരയിടുന്നുവെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തെ സിവിൽ ഏവിയേഷൻ സംവിധാനത്തിന് കരുത്തുപകരാൻ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും യോഗ്യരായ ഉദ്യോഗസ്ഥരും വിമാനത്താവളത്തിനുണ്ടെന്ന് ഇതോടെ തെളിയിക്കപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
ഏത് സാഹചര്യത്തിലും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിൽ ഫുജൈറ എയർപോർട്ട് ടീം കാണിച്ച പ്രഫഷണലിസം പ്രശംസനീയമാണെന്ന് ഫുജൈറ രാജ്യാന്തര വിമാനത്താവളം ജനറൽ മാനേജർ ക്യാപ്റ്റൻ ഇസ്മായിൽ എം. അൽ ബലൂഷി പറഞ്ഞു. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് തുടർന്നും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.