
നിർമിത ബുദ്ധി (എഐ) ഉൾപ്പെടെ നൂതന സാങ്കേതികവിദ്യകൾ ഭരണരംഗത്തു ഫലപ്രദമായും സുരക്ഷിതമായും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തു ലോക സർക്കാർ ഉച്ചകോടി ദുബായിൽ സമാപിച്ചു. ജനജീവിതത്തിൽ അമിതമായി ഇടപെടാത്ത സുതാര്യവും അഴിമതിര ഹിതവുമായ ഭരണരീതി സ്വീകരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
പരിസ്ഥിതി സൗഹൃദ നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികളെ നേരിടുന്നതിനും മുൻഗണന നൽകുക, സർക്കാർ സേവനങ്ങൾ എല്ലാവരിലേക്കും എത്തുന്നതിനായി ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക, ജീവിതനിലവാരം ഉയർത്തുക, ആഗോള വെല്ലുവിളികളെ നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ്മയും വിവരങ്ങൾ പങ്കുവയ്ക്കലും ഊർജിതമാക്കുക തുടങ്ങിയവയാണ് ഉച്ചകോടി മുന്നോട്ടുവച്ച മറ്റു പൊതു നിർദേശങ്ങൾ.
മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലയെ നവീകരിക്കാനും പുതിയ നൈപുണ്യങ്ങൾ വികസിപ്പിക്കാനും സർക്കാരുകൾ ശ്രദ്ധിക്കണം. ജനങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള നയരൂപീകരണങ്ങൾ ഭാവി സർക്കാരുകളുടെ പ്രത്യേകതയായിരിക്കണമെന്നും ചൂണ്ടിക്കാട്ടി.