ublnews.com

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി വീണ്ടും എം.എ. യൂസഫലി

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ച് അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ ഉത്തരവിട്ടു. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് സുപ്രധാന തീരുമാനം.

അബുദാബിയുടെ സാമ്പത്തിക മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ബിസിനസ് സൗഹൃദ അന്തരീക്ഷം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് അബുദാബി ചേംബർ പ്രവർത്തിക്കുന്നത്. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ യൂസഫലിയുടെ സാന്നിധ്യം ആഗോള തലത്തിൽ യുഎഇയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്ന് എക്സിക്യൂട്ടീവ് കൗൺസിൽ വിലയിരുത്തി.

ചുമതലയേറ്റെടുത്ത എം.എ. യൂസഫലിയെ അബുദാബി ചേംബർ ഔദ്യോഗികമായി അഭിനന്ദിച്ചു. എമിറേറ്റിന്റെ സാമ്പത്തിക അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനും സ്വകാര്യ മേഖലയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വലിയ രീതിയിൽ സഹായിക്കുമെന്ന് ചേംബർ പ്രസ്താവനയിൽ പറഞ്ഞു. ഇത് അഞ്ചാം തവണയാണ് യൂസഫലി ചേംബറിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകുന്നത്.

അബുദാബി ചേംബറിന്റെ പ്രധാന ചുമതലകൾ: അബുദാബിയെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുക.പ്രാദേശികവും രാജ്യാന്തരവുമായ ബിസിനസ്സ് സമൂഹത്തെ ഏകോപിപ്പിക്കുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുക. യുഎഇയുടെ എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനുള്ള നയരൂപീകരണത്തിൽ പങ്കാളികളാവുക. രാജ്യങ്ങൾക്ക് ഇടയിലെ വ്യാപര ബന്ധം ശക്തിപ്പെടുത്തുന്നതിലും ചേംബറിന്റെ പങ്ക് നിർണായകമാണ്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലും കേരളവുമായുള്ള ബന്ധത്തിലും യൂസഫലിയുടെ സാന്നിധ്യം നിർണായകമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top