ublnews.com

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അബുദാബി ചർച്ചപുരോഗതിയില്ലാതെ അവസാനിച്ചു

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ത്രിരാഷ്ട്ര ചർച്ച കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചു. യുക്രെയ്‌ൻ – യുഎസ് – റഷ്യ പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ഡോൺബാസ് വിട്ടുനൽകണമെന്ന റഷ്യൻ ആവശ്യത്തിലാണ് പ്രധാനമായും തീരുമാനമാകാത്തതെന്നാണ് സൂചന. അടുത്ത ആഴ്ച വീണ്ടും ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്ന് രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. റഷ്യ – യുക്രെയ്‌ൻ യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ ത്രിരാഷ്ട്ര ചർച്ചയാണ് അബുദാബിയിൽ നടന്നത്.

കീവ് ലക്ഷ്യമാക്കി രാത്രി റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിനു പിന്നാലെയാണ് ചർച്ച അവസാനിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റഷ്യൻ ആക്രമണത്തിൽ യുക്രെയ്‌‌നിലെ പവർ ഗ്രിഡിന് കേടുപാടുകൾ സംഭവിക്കുകയും മേഖലയിലാകെ വൈദ്യുതി ബന്ധം നഷ്ടമാകുകയും ചെയ്തു.

ചർച്ചയ്‌ക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറീദ് കഷ്നർ എന്നിവരുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സംസാരിച്ചെന്ന് രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. റഷ്യ പിടിച്ചെടുത്തതായി അവകാശപ്പെടുന്നതും എന്നാൽ പൂർണ്ണമായി നിയന്ത്രണത്തിലില്ലാത്തതുമായ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് യുക്രെയ്‌ൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം റഷ്യ ആവർത്തിച്ചതായി റിപ്പോർട്ടുണ്ട്. ഏതൊരു സമാധാന ഉടമ്പടിക്കും ഈ വ്യവസ്ഥ അനിവാര്യമാണെന്നും റഷ്യ നിലപാടെടുത്തു. ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ പരിഹരിക്കപ്പെടേണ്ട വിഷയങ്ങളിലാണ് അബുദാബിയിലെ ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് യുഎഇ സർക്കാർ വക്താവ് പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top