ublnews.com

ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നൽകിയത് അപ്രതീക്ഷിത അടി നൽകി യൂറോപ്യൻ യൂണിയൻ

ഇന്ത്യയുമായി വൈകാതെ ചരിത്രപരമായ വ്യാപാരക്കരാറിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയ യൂറോപ്യൻ യൂണിയൻ (ഇയു) ഇതിനിടെ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നൽകിയത് അപ്രതീക്ഷിത അടി. വസ്ത്രം, ആഭരണം, കെമിക്കൽ, പ്ലാസ്റ്റിക്, മെറ്റൽ തുടങ്ങി ഒട്ടേറെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നൽകിയിരുന്ന ശരാശരി 20% തീരുവയിളവ് ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നവിധം യൂറോപ്യൻ യൂണിയൻ റദ്ദാക്കി.

യൂറോപ്യൻ യൂണിയന്റെ ഭാഗമായ 27 രാജ്യങ്ങളിലേക്ക് തീരുവ ഭാരമില്ലാതെ വിപണിപ്രവേശനം കിട്ടിയിരുന്നത് ഇത്രകാലം ഇന്ത്യൻ കയറ്റുമതി രംഗത്തെ കമ്പനികൾക്ക് വലിയ ആശ്വാസമായിരുന്നു. ഇതാണ് ഇപ്പോൾ റദ്ദായത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) അടുത്തയാഴ്ച ഒപ്പുവയ്ക്കാനിരിക്കേയാണ് തിരിച്ചടി.

എന്നാൽ, നിലവിലുള്ള സംവിധാനത്തിൽ വന്ന മാറ്റം മാത്രമാണിതെന്നും ഇന്ത്യൻ കയറ്റുമതി കമ്പനികൾക്ക് പുതിയ പ്രതിസന്ധികളൊന്നും ഉണ്ടാവില്ലെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു. സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതോടെ തീരുവയിളവ് നേടാനും വിപണി വിപുലീകരിക്കാനും മികച്ച വരുമാനം സ്വന്തമാക്കാനും ഇന്ത്യൻ കമ്പനികൾക്ക് കഴിയുമെന്നുമാണ് പ്രതീക്ഷ.

ജനറലൈസ്ഡ് സ്കീം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പ്രകാരം ചില ഇന്ത്യൻ കയറ്റുമതി വിഭാഗങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങളാണ് യൂറോപ്യൻ യൂണിയൻ എടുത്തുകളഞ്ഞത്. ഫലത്തിൽ, ജനുവരി ഒന്നുമുതലുള്ള കയറ്റുമതിക്ക് അധിക തീരുവ നൽകേണ്ട സ്ഥിതിയായി. കാർഷികോൽപന്നങ്ങൾ, ലെതർ തുടങ്ങി 13 ശതമാനത്തോളം വരുന്ന ഉൽപന്നങ്ങൾക്ക് മാത്രമാണ് തീരുവയിളവ് നിലനിർത്തിയത്.

ആനുകൂല്യം റദ്ദായതോടെ നിരവധി കയറ്റുമതി മേഖലകൾക്ക് വിപണിയിൽ കിട്ടിയിരുന്ന മുൻതൂക്കവും നഷ്ടമായേക്കുമെന്ന് ആശങ്കയുണ്ട്. വിപണിയിലെ മത്സരത്തിൽ ഇത്രകാലം ബംഗ്ലദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഇന്ത്യയ്ക്കുണ്ടായിരുന്ന മേൽക്കൈയും നഷ്ടമാകുമെന്നതാണ് ആശങ്ക. ഉദാഹരണത്തിന്, വസ്ത്ര കയറ്റുമതിക്ക് ജിഎസ്പി പ്രകാരം 9.6% മാത്രമാണ് തീരുവ. ഇളവ് എടുത്തുകളഞ്ഞതോടെ ഇനി 12% തീരുവ അടയ്ക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top