ublnews.com

അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളും ഒരുക്കി ആർടിഎ

കലാസൃഷ്ടികൾക്കു മാത്രമായി രൂപമെടുക്കുന്ന അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളും ഒരുക്കി ആർടിഎ. ലോകമെമ്പാടുമുള്ള കലാകാരന്മാർക്കും കലാമേഖലയിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർക്കുമായാണ് അൽഖൂസിൽ ക്രിയേറ്റീവ് സോൺ രൂപീകരിക്കുന്നത്.

കലാസൃഷ്ടികളുടെ രൂപരേഖ തയാറാക്കുന്നതു മുതൽ നിർമാണവും പ്രദർശനവും വിപണനവും വരെ ഒരേ വേദിയിൽ സാധ്യമാക്കുന്നതാണ് ക്രിയേറ്റീവ് സോൺ. വൻകിട സ്റ്റേജ് ഷോകൾ അവതരിപ്പിക്കാനുള്ള സൗകര്യം, കലാകേന്ദ്രം ചുറ്റിക്കാണാൻ സന്ദർശകർക്ക് ആവശ്യമായ സൗകര്യങ്ങൾ എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. വർഷം മുഴുവൻ കലാ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾക്കായുള്ള പൊതു ഇടമായാണ് ഇവിടം വിഭാവനം ചെയ്തിരിക്കുന്നത്.

ഈ ക്രിയേറ്റീവ് മേഖലയിലേക്ക് എത്തിച്ചേരാൻ സൈക്കിൾ, കാൽനട യാത്രക്കാർക്കായി പ്രത്യേകം നിർമിച്ച പാലം ആർടിഎ തുറന്നു. അൽ മനാറ സ്ട്രീറ്റിലാണ് പാലം നിർമിച്ചത്.. 45 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 6 മീറ്റർ ഉയരവുമുള്ള പാലത്തിലേക്ക് 210 മീറ്റർ നീളത്തിൽ റാംപും ഒരുക്കിയിട്ടുണ്ട്. നിറയെ ചിത്രപ്പണികൾക്കൊണ്ട് പാലത്തിന്റെ ഇരു വശവും മനോഹരമാക്കി. ക്രിയേറ്റീവ് സോണിന്റെ സ്വഭാവത്തിനു ചേരുന്ന നിലയിലാണ് പാലത്തിന്റെ അലങ്കാരപ്പണികൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top