ublnews.com

ദുബായ് ‘ലേബർ റൺ 2026’ നാളെ നടക്കും

തൊഴിലാളികളുടെ ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ലേബർ റൺ 2026’ ഞായറാഴ്ച നടക്കും. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ ഖുറാനിക് പാർക്കിൽ രാവിലെ 7.30ന് പരിപാടി ആരംഭിക്കും.

“Together, We Run to Support Workforce Health” എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുക്കും. പുരുഷന്മാർക്കായി 6 കിലോമീറ്റർ, 3 കിലോമീറ്റർ വിഭാഗങ്ങളും സ്ത്രീകൾക്കായി 3 കിലോമീറ്റർ വിഭാഗവുമാണ് ഒരുക്കിയിരിക്കുന്നത്.

തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിന് ദുബായ് നൽകുന്ന വലിയ പ്രാധാന്യത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. യുഎഇയുടെ സുസ്ഥിര വികസനത്തിന്റെയും പുരോഗതിയുടെയും പ്രധാന തൂണുകളാണ് തൊഴിലാളി സമൂഹമെന്നും, അവരുടെ പ്രയത്നങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കായിക വേദികൾ തൊഴിലാളികളിൽ ഐക്യവും സന്തോഷവും വളർത്തുന്നതോടൊപ്പം സമൂഹത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന യുഎഇയുടെ സന്ദേശം ശക്തിപ്പെടുത്തുമെന്നും അൽ മർറി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top