
സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിനെയും തുറമുഖ നഗരമായ ജിദ്ദയെയും ബന്ധിപ്പിച്ച് പുതിയ റെയിൽവേ വരുന്നു. 2034ൽ ഈ പാത പൂർത്തിയാകുന്നതോടെ 950 കിലോമീറ്റർ അകലെയുള്ള ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാ ദൈർഘ്യം ട്രെയിനിൽ 4 മണിക്കൂറായി കുറയും. നിലവിൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് 9 മുതൽ 12 മണിക്കൂർ വരെയും വിമാന മാർഗമാണെങ്കിൽ ഒന്നേമുക്കാൽ മണിക്കൂറും എടുക്കും.
ഈ റൂട്ടിൽ ഇപ്പോൾ നേരിട്ടുള്ള ട്രെയിൻ സർവീസില്ല. കിഴക്കു പടിഞ്ഞാറ് ഇടനാഴിയായി വിഭാവനം ചെയ്യുന്ന റിയാദ്-ജിദ്ദ റെയിൽവേയിൽ (സൗദി ലാൻഡ്ബ്രിഡ്ജ്) യാത്രാ, ചരക്കു സേവനങ്ങളുണ്ടാകും. 10,000 കോടി റിയാൽ ചെലവിലാണ് നിർമാണമെന്ന് സൗദി റെയിൽവേ കമ്പനി സിഇഒ ബഷാർ അൽ മാലിക് അറിയിച്ചു.
സൗദിയുടെ വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതി. റിയാദിനും ഖത്തറിലെ ദോഹയ്ക്കും ഇടയിലുള്ള ഹൈസ്പീഡ് റെയിൽവേ പദ്ധതിയും ആലോചിക്കുന്നുണ്ട്. രാജ്യമാകെ ട്രെയിൻ സർവീസ് വരുന്നതോടെ ജിസിസി റെയിൽ ശൃംഖലയുമായും ബന്ധിപ്പിക്കുന്നതോടെ ജിസിസി യാത്രയും എളുപ്പമാകും.
നിലവിൽ മക്ക, മദീന, ജിദ്ദ, കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളം, റാബിഗിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽ, റിയാദിൽനിന്ന് വടക്കൻ അതിർത്തി പ്രദേശമായ അൽ-ഖുറയ്യാത്ത് വരെ നീളുന്ന നോർത്ത് റെയിൽവേ, റിയാദിനെ കിഴക്കൻ പ്രവിശ്യയായ ദമാമുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ് റെയിൽവേ എന്നിവയ്ക്കു പുറമെ അടുത്തിടെ ആരംഭിച്ച റിയാദ് മെട്രോ, ഹജ് അനുഷ്ഠാന കേന്ദ്രങ്ങളെ ബന്ധിച്ച് ഹജ് കാലയളവിൽ മാത്രം സർവീസ് നടത്തുന്ന മശാഇർ മെട്രൊ എന്നിവയാണ് രാജ്യത്തെ മറ്റു ട്രെയിൻ സർവീസുകൾ.