
റിയാദ് മെട്രോയുടെ റെഡ് ലൈൻ ചരിത്രപ്രധാനമായ ദിരിയ മേഖലയിലേക്കു നീട്ടുന്നു. കിങ് സൗദ് യൂണിവേഴ്സിറ്റിയിൽനിന്ന് ദിരിയ വരെ 8.4 കിലോമീറ്റർ ദൂരത്തിലാണ് റെഡ് ലൈൻ നീട്ടുന്നത്. ഇതിൽ 7.1 കിലോമീറ്റർ ഭൂമിക്കടിയിലൂടെയുള്ള ടണലും 1.3 കിലോമീറ്റർ ഉയരത്തിലുള്ള പാതയുമാണ്. പുതുതായി നിർമിക്കുന്ന അഞ്ച് പുതിയ സ്റ്റേഷനുകളിൽ മൂന്നെണ്ണം ദിരിയ മേഖലയിലായിരിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ എസ്ടിസി സ്റ്റേഷനിൽ നിന്ന് ദിരിയയിലേക്ക് 15 മിനിറ്റിനകം എത്തിച്ചേരാനാകും. ഡിസൈൻ, നിർമാണം എന്നിവ പൂർത്തിയാകാൻ 6 വർഷം എടുക്കുമെന്നാണ് കണക്കാക്കുന്നത്. വിബിൽഡ് (ഇറ്റലി), ലാർസൻ ആൻഡ് ടൂബ്രോ (ഇന്ത്യ), നെസ്മ (സൗദി), അൽസ്റ്റോം (ഫ്രാൻസ്) എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.