
യുഎഇയിൽ വരുംദിവസങ്ങളിൽ തണുപ്പ് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം പകുതിയോടെ താപനിലയിൽ വൻ ഇടിവുണ്ടാകുമെന്നും വെറും രണ്ട് ദിവസത്തിനുള്ളിൽ എട്ട് ഡിഗ്രിയോളം താപനില താഴാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു.
നാളെ(15) മുതൽ രാജ്യം വടക്കൻ കാറ്റിന്റെ സ്വാധീനത്തിലാകുന്നതോടെയാണ് തണുപ്പ് വർധിക്കുക. പടിഞ്ഞാറൻ മേഖലകളിലാണ് ആദ്യം താപനില കുറഞ്ഞു തുടങ്ങുക. പിന്നീട് ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. മലയോര മേഖലകളിൽ തണുപ്പ് അതിശക്തമായിരിക്കും. ഇവിടെ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയും പുലർച്ചെ 5 മുതൽ 7 ഡിഗ്രി വരെയും കുറയാൻ സാധ്യതയുണ്ട്.
അജ്മാൻ ഉൾപ്പെടെയുള്ള ഉൾനാടൻ മരുഭൂമി പ്രദേശങ്ങളിലും 10 ഡിഗ്രിയിൽ താഴെ തണുപ്പ് അനുഭവപ്പെടാം. എന്നാൽ തീരദേശ മേഖലകളിൽ പകൽ സമയത്ത് 20 മുതൽ 22 ഡിഗ്രി വരെയായിരിക്കും താപനില. കടൽവെള്ളം ചൂട് നിലനിർത്തുന്നതിനാൽ തീരപ്രദേശങ്ങളിൽ തണുപ്പ് താരതമ്യേന കുറവായിരിക്കും. ശക്തമായ കാറ്റും വീശാൻ സാധ്യതയുള്ളതിനാൽ അനുഭവപ്പെടുന്ന തണുപ്പ് കൂടുതലായിരിക്കും.