ublnews.com

യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു

ആഗോള സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന്(ബുധനാഴ്ച) രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ദുബായ് വിപണിയിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് മൂന്ന് ദിർഹത്തോളം ഉയർന്ന് 558 ദിർഹം എന്ന ചരിത്രവില രേഖപ്പെടുത്തി. 22 കാരറ്റിന് 516.75 ദിർഹമാണ് ഇന്നത്തെ നിരക്ക്. 21 കാരറ്റിന് 495.5 ദിർഹവും 18 കാരറ്റിന് 424.5 ദിർഹവുമാണ് നിലവിലെ വിലനിലവാരം.

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,637 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഇതിനുപുറമെ, വെള്ളി വില ചരിത്രത്തിലാദ്യമായി 90 ഡോളർ കടന്ന് 91.53 ഡോളറിലെത്തി. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ കുറവ് വരുത്തിയേക്കുമെന്ന സൂചനകളും ഇറാൻ-അമേരിക്കൻ ബന്ധത്തിലെ അസ്വാരസ്യങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.

അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. ഡിസംബറിലെ യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് നീങ്ങുകയായിരുന്നു. വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ യുഎഇയിൽ സ്വർണത്തിന് ഇന്ത്യയേക്കാൾ ഗണ്യമായ വിലക്കുറവുണ്ടെങ്കിലും വില ഇത്രയധികം ഉയർന്നത് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ ഉപയോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top