
കോവിഡ് മഹാമാരി കാലത്ത് പ്രവർത്തനം നിർത്തിയ ദേശീയ ഒളിംപിക് അക്കാദമി വീണ്ടും പ്രവർത്തനമാരംഭിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു. കായിക താരങ്ങൾക്ക് ഒളിംപിക് നിയമങ്ങളിൽ പഠനം, ഗവേഷണം, പരിശീലനം എന്നിവയാണ് ഒളിംപിക് അക്കാദമി വഴി നൽകുക.
ഇതോടൊപ്പം പുതിയ ദേശീയ ഒളിംപിക് വിദ്യാഭ്യാസ വികസന പരിപാടി ആരംഭിക്കുമെന്നും ഐഒഎ അറിയിച്ചു. ഐഒഎ പ്രസിഡന്റ് പി.ടി.ഉഷയെ അക്കാദമിയുടെ മാനേജരായും വൈസ് പ്രസിഡന്റും ഒളിംപിക് മെഡൽ ജേതാവുമായ ഗഗൻ നാരംഗിനെ അക്കാദമി ഡയറക്ടറായും നിയമിച്ചു.
ദേശീയ കായിക ഫെഡറേഷനുകളുമായും സംസ്ഥാന ഒളിംപിക് അസോസിയേഷനുകളുമായും സഹകരിച്ച് താഴെത്തട്ടിലുള്ളവർക്ക് ഒളിംപിക്സ് ഇനങ്ങളിൽ പരിശീലനവും കരിയർ പിന്തുണയും ഉറപ്പാക്കുകയാണ് ദേശീയ ഒളിംപിക് വിദ്യാഭ്യാസ വികസന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.