
വനിതാ ക്രിക്കറ്റിലെ സൂപ്പർ താരവും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ അലീസ ഹീലി വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം മാർച്ചിൽ ക്രിക്കറ്റിനോടു വിടപറയുമെന്ന് അലീസ ഹീലി അറിയിച്ചു. ‘‘സമ്മിശ്ര വികാരങ്ങളോടെയാണ് ഇന്ത്യയ്ക്കെതിരായ പരമ്പര ഓസ്ട്രേലിയയ്ക്കായി എന്റെ അവസാന പരമ്പരയാകുമെന്ന് അറിയിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്നതിൽ എനിക്ക് ഇപ്പോഴും അതിയായ അഭിനിവേശമുണ്ട്. പക്ഷേ തുടക്കം മുതൽ എന്നെ മുന്നോട്ട് നയിച്ച ആവേശം എനിക്ക് നഷ്ടപ്പെട്ടു, അതിനാൽ അവസാനിപ്പിക്കാനുള്ള ആ ദിവസം വന്നെത്തി.
ഈ വർഷത്തെ ട്വന്റി20 ലോകകപ്പിന് ഞാൻ ഉണ്ടാകില്ല. തയാറെടുപ്പിന് ടീമിന് പരിമിതമായ സമയമേയുള്ളൂ എന്നതുകൊണ്ട് ഇന്ത്യയ്ക്കെതിരായ ട്വന്റി20 മത്സരങ്ങളിൽ ഞാൻ ഭാഗമാകില്ല. പക്ഷേ എന്റെ കരിയർ പൂർത്തിയാക്കാനും ഇന്ത്യയ്ക്കെതിരായ സ്വന്തം നാട്ടിൽ ഏകദിന, ടെസ്റ്റ് ടീമിനെ നയിക്കാനും അവസരം ലഭിച്ചതിൽ ഞാൻ ആവേശത്തിലാണ് – നമ്മുടെ കലണ്ടറിലെ ഏറ്റവും വലിയ പരമ്പരകളിൽ ഒന്ന്.’’– വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഹീലി കുറിച്ചു.