
വിജയ് ചിത്രമായ ‘ജനനായകനു’മായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്കു തുടക്കമിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് തമിഴ്നാടു തയാറെടുക്കുന്ന വേളയിലാണ് ടിവികെ നേതാവ് വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണമുള്ള ജനനായകനു രാഹുൽ പിന്തുണ നൽകിയത്. അതേസമയം വിജയ്‌യുടെ ടിവികെയുമായി കോൺഗ്രസ് അടുക്കുന്നതിന്റെ സൂചനയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റെന്ന തരത്തിലും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
സെൻസർ ബോർഡുവഴി വിജയ് ചിത്രം ജനനായകനെ വൈകിപ്പിക്കാൻ ശ്രമിക്കുന്നത് തമിഴ് സംസ്കാരത്തിനെതിരായ ആക്രമണമാണെന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. തമിഴ് ജനതയുടെ ശബ്ദം നിശബ്ദമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാനായി നീലഗിരിയിലെ ഗുഡല്ലൂരിൽ എത്തിയവേളയിലാണ് രാഹുലിന്റെ ട്വീറ്റ്.
ടിവികെയുമായി സഖ്യം ചേരണമെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കിടയിൽ ആവശ്യം ഉയരുന്നുണ്ട്. സർക്കാർ രൂപീകരണത്തിൽ ഡിഎംകെ സഖ്യകക്ഷികളെ ഉൾപ്പെടുത്താത്തതാണ് കോൺഗ്രസ് നേതാക്കളിൽ സഖ്യം മാറണമെന്ന ചിന്ത ശക്തിപ്പെടാൻ കാരണം. എന്നാൽ ഡിഎംകെയുമായി വർഷങ്ങളായി ഉറച്ച സഖ്യം തുടരണമെന്ന് ചിന്തിക്കുന്നവരും പാർട്ടിയിലുണ്ട്.