
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രകോപനപരമായ നിലപാടുകൾക്കും സൈനിക നീക്കങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ദുബായ് ശതകോടീശ്വരൻ ഖലഫ് അൽ ഹബ്തൂർ. ലോകരാജ്യങ്ങളെ ഭയപ്പെടുത്തുന്ന രീതിയിൽ ട്രംപ് നടത്തുന്ന ഇടപെടലുകൾ അത്യന്തം അപകടകരമാണെന്നും സമാധാനത്തിന്റെ പാതയാണ് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം തുറന്നടിച്ചു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ അമേരിക്കൻ സൈനിക നടപടിക്ക് പിന്നാലെ മെക്സിക്കോ, ക്യൂബ, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ഹബ്തൂരിന്റെ പ്രതികരണം. യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ഭാഷ ജനപ്രീതി നൽകിയേക്കാമെങ്കിലും ലോകത്തിന് ഗുണകരം സമാധാനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പതിറ്റാണ്ടുകളായി തോളോട് തോൾ ചേർന്ന് നിൽക്കുന്ന നാറ്റോ സഖ്യകക്ഷികളുൾപ്പെടെയുള്ള പരമ്പരാഗത സുഹൃത്തുക്കളുമായി ട്രംപ് എന്തിനാണ് ശത്രുതയുണ്ടാക്കുന്നതെന്ന് ഹബ്തൂർ ചോദിച്ചു. അമേരിക്കയ്ക്ക് എന്തെങ്കിലും തന്ത്രപരമായ താല്പര്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അവ ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയുമാണ് പരിഹരിക്കേണ്ടത്. സംവാദത്തിന് പകരം വെനസ്വേലയിലേതുപോലെ സൈനിക നടപടികൾക്കാണ് മുൻഗണന നൽകുന്നതെങ്കിൽ, അത് ലോകം ഒട്ടും ആഗ്രഹിക്കാത്ത വലിയ യുദ്ധമുഖങ്ങൾ തുറക്കാൻ കാരണമാകും