
ബംഗ്ലദേശിൽ 28 വയസ്സുള്ള ഹിന്ദു ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു. ഞായറാഴ്ച രാത്രി ചിറ്റഗോങ്ങിലെ ദഗൻഭുയാനിലാണ് ഓട്ടോ ഡ്രൈവർക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്. സമീർ ദാസ് ആണ് കൊല്ലപ്പെട്ടത്. രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നതിനിടെയാണ് ഒരു ഹിന്ദു യുവാവ് കൂടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പട്ടത്. അക്രമികൾ സമീറിനെ മർദിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സമീറിന്റെ ഓട്ടോറിക്ഷ മോഷ്ടിച്ചു പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
നാടൻ ആയുധങ്ങൾ ഉപയോഗിച്ചാണ് സമീറിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം ബംഗ്ലദേശിൽ വർധിച്ചു വരുന്ന മതവിവേചനത്തിനെതിരെ മനുഷ്യാവകാശ സംഘടനയായ ബംഗ്ലദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ രംഗത്തെത്തി. രാജ്യത്തുടനീളം ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ സംഘടന കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്.
അതേസമയം ഹിന്ദുക്കൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണത്തിൽ ബംഗ്ലദേശിനെതിരെ ഇന്ത്യ രംഗത്തെത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വർഗീയ അക്രമങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രവണതയാണ് അയൽരാജ്യത്ത് സംഭവിക്കുന്നതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞത്. എന്നാൽ ഇന്ത്യ അക്രമത്തിന്റെ വ്യാപ്തി പെരുപ്പിച്ചു കാണിക്കുകയാണെന്ന് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ആരോപിച്ചു.