
ജനകീയ പ്രക്ഷോഭം രൂക്ഷമായി തുടരവേ, ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ–യുഎസ് ഒത്തുതീർപ്പു ചർച്ചയ്ക്കു കളമൊരുങ്ങുന്നതായി റിപ്പോർട്ട്. ടെഹ്റാനിൽ ഒമാൻ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി കൂടിക്കാഴ്ച നടത്തി. ആക്രമിക്കുമെന്ന തന്റെ ഭീഷണിയെത്തുടർന്ന് ഇറാൻ ചർച്ചയ്ക്കു മുന്നോട്ടുവന്നെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. ചർച്ചയ്ക്കുള്ള ഒരുക്കം വൈറ്റ് ഹൗസ് ആരംഭിച്ചെന്നും പറഞ്ഞു. എന്നാൽ, ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ ആണവപദ്ധതിക്കും ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും കടുത്ത നിയന്ത്രണങ്ങളാണ് യുഎസ് മുന്നോട്ടുവയ്ക്കുന്നത്. ഇതിന് ഇറാൻ വഴങ്ങാൻ സാധ്യതയില്ലാത്തതിനാൽ ഒത്തുതീർപ്പ് എങ്ങനെ സാധ്യമാകുമെന്നു വ്യക്തമല്ല. യുദ്ധത്തിനു സജ്ജമാണെങ്കിലും ചർച്ചയ്ക്ക് എതിരല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
അതിനിടെ, ഇറാനിലെ 31 പ്രവിശ്യകളിലേക്കും പടർന്ന ജനകീയ പ്രക്ഷോഭത്തിനു ബദലായി സർക്കാർ അനുകൂല പ്രകടനങ്ങളും ഇന്നലെ വിവിധ നഗരങ്ങളിൽ നടന്നു. ആയിരങ്ങൾ പങ്കെടുത്ത റാലികളിൽ അമേരിക്ക തുലയട്ടെ എന്ന മുദ്രാവാക്യമുയർന്നു