
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിങ് സംവിധാനം ഇനി കൂടുതൽ ലളിതമാകും. വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലും ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിന്റെ ഇ-വാലറ്റ് വഴി പാർക്കിങ് ഫീസ് അടയ്ക്കാനുള്ള കരാറിൽ ദുബായ് എയർപോർട്ടും സാലിക്കും ഒപ്പുവച്ചു. ഈ മാസം 22 മുതൽ പുതിയ സംവിധാനം നിലവിൽ വരും.
ദുബായ് എയർപോർട്ട് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, സാലിക് ചെയർമാൻ മത്താർ അൽ തായർ എന്നിവരുടെ സാന്നിധ്യത്തിലാണ് 10 വർഷത്തേക്കുള്ള കരാർ ഒപ്പിട്ടത്. ടെർമിനൽ ഒന്ന്, രണ്ട്, മൂന്ന് എന്നിവയ്ക്ക് പുറമെ കാർഗോ മെഗാ ടെർമിനലിലുമായി ആകെ 7,400 പാർക്കിങ് ഇടങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക.
നിലവിലെ പാർക്കിങ് മാനേജ്മെന്റ് സംവിധാനവുമായി സാലിക് ഇ-വാലറ്റിനെ ബന്ധിപ്പിക്കുന്നതോടെ വിമാനത്താവളത്തിലെത്തുന്നവർക്ക് തടസ്സമില്ലാതെ പാർക്കിങ് ഫീസ് നൽകാൻ സാധിക്കും. പാർക്കിങ് കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും വാഹനങ്ങൾ വേഗത്തിൽ കടന്നുപോകാനും ഈ പരിഷ്കാരം സഹായിക്കും.