ublnews.com

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന്( വെള്ളി) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. വടക്കൻ, കിഴക്കൻ മേഖലകളിൽ താഴ്ന്ന നിലയിലുള്ള മേഘങ്ങൾ പ്രത്യക്ഷപ്പെടാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഇന്ന് രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ വൈകിട്ട് എട്ടു വരെ യെല്ലോ അലർട്ടും നിലവിലുണ്ട്.

തീരദേശ മേഖലകളിൽ ഇന്ന് രാത്രിയും ശനിയാഴ്ച പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടാനും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് അബുദാബിയിൽ 15 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 17 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില.

ഷാർജയിൽ കുറഞ്ഞ താപനില 13 ഡിഗ്രിയും കൂടിയത് 24 ഡിഗ്രിയുമായിരിക്കും. വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്സിൽ (5.1°സെൽഷ്യസ്) പുലർച്ചെ രേഖപ്പെടുത്തി. അൽ ഐനിലെ സ്വൈഹാനിലാണ് ഏറ്റവും ഉയർന്ന താപനില (27.3°സെൽഷ്യസ്) അനുഭവപ്പെട്ടത്.

വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് ഇടയ്ക്ക് തെക്കുകിഴക്കൻ ദിശയിലേക്ക് മാറാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയതോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് ഞായറാഴ്ചയോടെ താപനിലയിൽ നേരിയ വർധനവ് ഉണ്ടായേക്കുമെന്നും ചൊവ്വാഴ്ച വരെ കാലാവസ്ഥയിൽ മാറ്റങ്ങൾ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top