
ഒരു മാസത്തെ ശീതകാല അവധിക്കുശേഷം ഇന്ത്യൻ സ്കൂളുകളടക്കം യുഎഇയിലെ വിദ്യാലയങ്ങൾ ഇന്ന് (തിങ്കൾ) വീണ്ടും തുറന്നു. കിന്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഏകദേശം 11 ലക്ഷം വിദ്യാർഥികളാണ് കളിചിരികളോടെ രണ്ടാം പാദ പഠനത്തിനായി സ്കൂളുകളിലെത്തിയത്. പുലർച്ചെ മുതൽ നഗരവീഥികളിൽ മഞ്ഞ നിറത്തിലുള്ള സ്കൂൾ ബസുകൾ സജീവമായി. രാവിലെ അനുഭവപ്പെട്ട നേരിയ തണുപ്പിലും കൂട്ടുകാരെ കാണാനുള്ള ആവേശത്തിലായിരുന്നു കുട്ടികൾ.
ഈ അധ്യയന വർഷത്തെ രണ്ടാം പാദത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പ്രധാനപ്പെട്ട ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേന്ദ്രീകൃത പരീക്ഷകൾക്ക് പകരം സ്കൂൾ തലത്തിലുള്ള മൂല്യനിർണയ രീതിയാണ് ഇത്തവണ പിന്തുടരുന്നത്. വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുടെ മാനസിക ഉല്ലാസത്തിനും കൂടി പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിത്. ഒൻപത് ആഴ്ചകൾ നീളുന്ന രണ്ടാം പാദത്തിൽ 69 പ്രവൃത്തി ദിനങ്ങളുണ്ടാകും. മാർച്ച് 4 മുതൽ 13 വരെയാണ് ഈ പാദത്തിലെ പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്.