
യോഗ്യതയും വിശ്വാസ്യതയുമുള്ള ഒരു നേതാവിനെ തിരഞ്ഞെടുക്കുംവരെ വെനസ്വേലയുടെ ഭരണം അമേരിക്ക നടത്തുമെന്ന യുഎസ് പ്രസിഡന്റിന്റെ വാക്കുകളെ തിരുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വെനസ്വേലയുടെ ദൈനംദിന ഭരണത്തിനു അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നാണ് മാർക്കോ റൂബിയോ ഒരു യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. അതേസമയം വെനസ്വേലയുടെ എണ്ണയെ സമ്മർദതന്ത്രമാക്കി നിലനിർത്തി ലഹരികടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം കൊണ്ടുവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. പരിമിതമായ ഇടപെടലുകൾ മാത്രമെ വെനസ്വേലയിൽ യുഎസ് ലക്ഷ്യമിടുന്നുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
നിക്കോളാസ് മഡുറോയെ പിടികൂടിയതിനുശേഷം വെനസ്വേലയിൽ ദീർഘകാല വിദേശ ഇടപെടലിനു അമേരിക്ക മുതിരുമോ എന്ന മേഖലയിലെ മറ്റു രാജ്യങ്ങളുടെ ആശങ്ക ലഘൂകരിക്കാൻ കൂടി ലക്ഷ്യമിട്ടായിരിക്കണം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പുതിയ നിലപാട് പ്രഖ്യാപനം.