
അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ തൊഴിൽ വിപണിയിൽ 45.76% വർധന. തൊഴിലാളികളുടെ എണ്ണത്തിൽ 101.76 ശതമാനവും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണത്തിൽ 49.92 ശതമാനവും വളർച്ചയുണ്ടായി. തൊഴിൽ വിപണിയിലെ വനിതകളുടെ എണ്ണത്തിൽ 101.92% വളർച്ച. ഡിസംബർ 16 വരെയുള്ള കണക്ക് പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ ആകെ എണ്ണം 1,71,000 ആയി.
അഞ്ച് വർഷത്തിനിടെ സ്വകാര്യ മേഖലയിൽ തൊഴിൽ നേടിയവർ 377 ശതമാനമാണ്. 2021 ൽ 37,500 സ്വദേശികൾ മാത്രമാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നത്. സ്വദേശികൾക്ക് തൊഴിൽ പരിശീലനവും നിയമനവും നൽകുന്ന സർക്കാർ സംവിധാനമായ ‘ നാഫിസ് ‘ നിലവിൽ വന്ന ശേഷം സ്വദേശികളെ നിയമിച്ച സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം 320 ശതമാനമായി ഉയർന്നു.
തൊഴിൽ രംഗത്തെ പരാതികളിൽ 98 ശതമാനവും മന്ത്രാലയത്തിന് രമ്യമായി പരിഹരിക്കാനായതും നേട്ടമാണ്. സ്വദേശി പൗരന്മാരെ ശാക്തീകരിക്കുന്നതും ലോകത്തിലെ മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനുമായി ഒരു മത്സരാധിഷ്ഠിത തൊഴിൽ വിപണിക്ക് രാജ്യം ഉറപ്പാക്കിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 99% തൊഴിലാളികളെയും വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യുപിഎസ്) പരിധിയിൽ കൊണ്ടുവരാനായി. ഇത്രയും പേർ തൊഴിലാളി അവകാശ ഇൻഷുറൻസ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്തു. തൊഴിലില്ലായ്മ ഇൻഷുറൻസ് പോളിസികൾ കരസ്ഥമാക്കിയ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം 83 ശതമാനത്തിലെത്തി.