ublnews.com

ഓൺലൈൻ പർച്ചേസുകൾക്ക് ഈ മാസം 6 മുതൽ ഒടിപി ലഭിക്കില്ലെന്ന് ബാങ്കുകൾ

ഓൺലൈൻ പർച്ചേസുകൾക്ക് ബാങ്ക് കാർഡുകൾ വഴി പണം കൈമാറുന്നതിന് 6 മുതൽ ഒടിപി ലഭിക്കില്ലെന്ന് ബാങ്കുകൾ അറിയിച്ചു. ഒടിപി സേവനം ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ അറിയിപ്പ്. ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനിൽ കയറി അനുവാദം നൽകിയാൽ മാത്രമേ, പണമിടപാട് പൂർത്തിയാക്കാൻ സാധിക്കു.കഴിഞ്ഞ ജുലൈ 25 മുതൽ കാർഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഒടിപി സേവനം ബാങ്കുകൾ നിർത്തി തുടങ്ങിയിരുന്നു.

ഘട്ടം ഘട്ടമായി ഓരോ മേഖലയിലും ഇതു വ്യാപകമാക്കി. അതേസമയം, സ്മാർട് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ താൽപര്യമില്ലാത്ത ഉപഭോക്താക്കൾക്ക് ഒടിപി അയയ്ക്കാനുള്ള ഓപ്ഷൻ നിലനിർത്താനാകും. ഇതിനു രേഖാമൂലമുള്ള അപേക്ഷ ബാങ്കിൽ സമർപ്പിക്കണം.പ്രത്യേകം അപേക്ഷിക്കുന്നവർക്ക് ഓൺലൈനായി ഇടപാട് നടത്തുമ്പോഴെല്ലാം ബാങ്ക് ഒടിപി അയയ്ക്കും, എന്നാൽ സാമ്പത്തിക തട്ടിപ്പോ നിയമവിരുദ്ധമായ രീതിയിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയോ ചെയ്താൽ ബാങ്കിന് ഉത്തരവാദിത്തം ഉണ്ടാകില്ല.

ബാങ്ക് ഇടപാടുകൾ സംബന്ധിച്ചു പൂർണ വിവരം സ്മാർട് ആപ്ലിക്കേഷനുകൾ വഴിയാണ് ഇനി അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുക.ഭാവിയിൽ ബാങ്ക് ഇടപാടുകൾ പൂർണമായും മൊബൈൽ ആപ്പുകളെ ആശ്രയിച്ച് പൂർത്തീകരിക്കുന്നതിലേക്ക് ബാങ്കുകൾ മാറും. യുഎഇ സെൻട്രൽ ബാങ്കിന്റെ തീരുമാനം അനുസരിച്ചാണ് രാജ്യത്തെ ധനവിനിമയ സ്ഥാപനങ്ങൾ ഇടപാടു രീതികളിൽ മാറ്റം വരുത്തുന്നത്. സ്മാർട് ഫോൺ വഴി ഇടപാടുകൾ കൂടുതൽ സുരക്ഷിതമായിരിക്കുമെന്നാണ് വിലയിരുത്തൽ.

അക്കൗണ്ട് ഉടമകളെ കബളിപ്പിച്ചും തട്ടിപ്പിലൂടെയും മറ്റും ഒടിപി തരപ്പെടുത്തി പണം തട്ടുന്നതിൽ നിന്ന് സുരക്ഷിതമാക്കാൻ പുതിയ നീക്കം സഹായകമാകുമെന്നും കരുതുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top