ublnews.com

നെതന്യാഹുവിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ചർച്ചയ്ക്കായി ഫ്ലോറിഡയിൽ എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെതന്യാഹുവിനെ യുദ്ധകാല പ്രധാനമന്ത്രിയെന്നാണു ട്രംപ് വിളിച്ചത്. ‘‘യുദ്ധകാല പ്രധാനമന്ത്രിയാണ് നെതന്യാഹു. സ്തുത്യർഹമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. വളരെ അപകടകരമായ ഒരു കാലഘട്ടത്തിൽ നിന്ന് അദ്ദേഹം ഇസ്രയേലിനെ കരകയറ്റി. തെറ്റായ ഒരു പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ ഇസ്രയേൽ ഇപ്പോൾ നിലനിൽക്കുമായിരുന്നില്ല’’ – ട്രംപ് പറഞ്ഞു. വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നതിന് മുൻപ് ഹമാസിനെ നിരായുധീകരിക്കണമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ആയുധങ്ങൾ അടിയറവ് വയ്ക്കില്ലെന്ന് ഹമാസ് ആവർത്തിച്ചു.

ഈ വർഷം യുഎസിൽ വച്ച് ട്രംപും നെതന്യാഹവും തമ്മൽ നടത്തുന്ന അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. വെടിനിർത്തലിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിൽ ഇസ്രയേലും ഹമാസും കാലതാമസം വരുത്തുന്നെന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥ‌രുടെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. ഗാസയിൽ ഒരു പലസ്തീൻ ടെക്നോക്രാറ്റിക് സർക്കാരിനെയും ഒരു ഇന്റർനാഷനൽ സ്റ്റെബിലൈസേഷൻ ഫോഴ്സിനെയും (ഐഎസ്എഫ്) വിന്യസിക്കുന്ന കാര്യം ജനുവരിയിൽ തന്നെ ട്രംപ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം നെതന്യാഹുവാണ് ചർച്ചകൾ ആവശ്യപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു.

ഹമാസിനെ നിരായുധീകരിക്കുന്നതും ഗാസയെ സൈനികമുക്തമാക്കുന്നതും സംബന്ധിച്ച കാര്യങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ച് കരാറിന്റെ രണ്ടാം ഘട്ടത്തിൽ, നെതന്യാഹു ചർച്ച ചെയ്യുമെന്ന് ഇസ്രയേൽ വക്താവ് ഷോഷ് ബെഡ്രോസിയാൻ പറഞ്ഞു. പശ്ചിമേഷ്യക്ക് മാത്രമല്ല, യുഎസിനും ഇറാൻ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹം ചർച്ചയിൽ ഉന്നയിക്കുമെന്നും ബെഡ്രോസിയാൻ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top