
നിരത്തുകളിൽ പ്രൗഢി വിളിച്ചോതുന്ന വിശിഷ്ട നമ്പർ പ്ലേറ്റുകൾക്കായുള്ള ലേലത്തിൽ റെക്കോഡ് തുക വാരിക്കൂട്ടി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). ചരിത്രത്തിലാദ്യമായി 109 കോടിയിലേറെ ദിർഹം സമാഹരിച്ചാണ് 120-ാമത് ഓപ്പൺ ലേലം സമാപിച്ചത്. ദുബായ് ഹിൽട്ടൺ അൽ ഹബ്തൂർ സിറ്റിയിൽ നടന്ന ലേലത്തിൽ അതിസമ്പന്നരുടെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ‘ബിബി12’ എന്ന നമ്പറാണ് ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയത്. ഏകദേശം 9.66 ദശലക്ഷം ദിർഹത്തിനാണ് (22 കോടിയിലേറെ ഇന്ത്യൻ രൂപ) ഈ നമ്പർ ലേലം പോയത്.
തൊട്ടുപിന്നാലെ എത്തിയ ‘എഎ25’ എന്ന നമ്പറിനായി 80 ലക്ഷം ദിർഹത്തിലധികം തുക ചെലവഴിക്കാൻ ഉടമ തയ്യാറായി. ലേലത്തിലെ മറ്റൊരു ആകർഷണമായ ‘ബിബി30’ എന്ന നമ്പർ 6.74 ദശലക്ഷം ദിർഹത്തിനും ‘സിസി100’ എന്ന നമ്പർ 4.21 ദശലക്ഷം ദിർഹത്തിനും വിറ്റുപോയി. ആകെ 90 വിശിഷ്ട നമ്പരുകളാണ് ലേലത്തിന് വച്ചിരുന്നത്. ഇതിൽ രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള വിവിധ കോഡുകൾ ഉൾപ്പെട്ടിരുന്നു. പൂർണമായ സുതാര്യതയോടെയും നിഷ്പക്ഷതയോടെയും നടത്തിയ ഈ ലേലം ആർടിഎയുടെ ലേല മാനേജ്മെന്റ് തന്ത്രത്തിന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

ലേലത്തുകയുടെ അഞ്ച് ശതമാനം മൂല്യവർധിത നികുതിയായി (വാറ്റ്) ഈടാക്കും. വാഹനങ്ങൾക്ക് പ്രിയപ്പെട്ട നമ്പരുകൾ സ്വന്തമാക്കാൻ പ്രവാസി മലയാളികളടക്കം നിരവധി പേർ ഈ ലേലത്തിൽ സജീവമായി പങ്കെടുത്തു. ആർടിഎയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരുമാനമാണ് ഇത്തവണത്തെ ലേലത്തിലൂടെ ലഭിച്ചത്.